Saturday, August 25, 2018

കാഴ്ച



ണ്ണുകൾ പാതി മാത്രമാണ് അടഞ്ഞിരുന്നത്.
ആരൊക്കെയോ കാണാൻ ബാക്കിയുണ്ട്. അതാണ് കണ്ണുകൾ പൂർണ്ണമായും അടയാതിരിക്കാൻ കാരണമെന്ന് മുതിർന്നവരിൽ ചിലരുടെ കണ്ടെത്തൽ വെള്ളത്തുണിക്കുള്ളിൽ കിടന്ന് ആസ്വദിച്ചു. 
അടക്കിപ്പിടിച്ച വർത്തമാനങ്ങൾ. വേർപാടിന്റെ വിതുമ്പിപ്പൊട്ടലുകൾ.

ഭൂമിയിൽ അയാളുടെ വീട്ടുമുറ്റത്തും അകത്തെ ഇരുട്ടിലും കണ്ണീരു പെയ്തു നിറഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള പരിചയക്കാരിൽ പലരും മരണവാർത്ത അറിഞ്ഞില്ലല്ലോ  എന്ന് സങ്കടപ്പെടുന്നത് നിശ്ചലമായി കിടക്കുമ്പോഴും ചെവിയിൽ കിരുകിരുപ്പായി തട്ടുന്നുണ്ട്.

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു...
എൻ സ്വദേശം കാൺമതിന്നായ് ഞാൻ തനിയെ പോകുന്നൂ...

മരണനേരത്തും കുഴിയിലേക്കെടുക്കുമ്പോഴും സംഗീതസാന്ദ്രമാകണം അന്തരീക്ഷം. അയാൾ പലപ്പോഴായി പലരോടും പറഞ്ഞതാണ്. 
പിറവിദിനം തൊട്ട് ഇങ്ങ് അവസാനനാൾ വരെ നടന്നതും നടക്കാതിരുന്നതും എണ്ണിപ്പറഞ്ഞ് അലമുറയിടലിൽ വലിയ കഥയൊന്നുമില്ല.  വഴിയാത്രക്കാരും വഴിവക്കിൽ വെറുതെ നിൽക്കുന്നവരും അറിയാതെ ലയിച്ചു നിൽക്കണം. സംഗീതത്തിന്റെ താളക്കൊഴുപ്പിൽ ഉരുളുന്നത് ശവമഞ്ചമാണെന്ന തോന്നൽ പോലും കാഴ്‌ചക്കാരിലുണ്ടാവരുത്.

സെമിത്തേരിയുടെ കവാടം വരെ സംഗീതം നീണ്ടു.
മതിക്കെട്ടിനകത്തെ കല്ലുപേടകങ്ങളിൽ ഉള്ളിൽ എന്നോ ദ്രവിച്ചു പോയ ദേഹത്തെ ഓർമ്മിപ്പിക്കാൻ പേരും മരണനാളും കൊത്തിവെച്ചിരിക്കുന്നു. മരണക്കുടിൽ പോലെ അവിടെയും നിശ്ശബ്ദത മുനിഞ്ഞു. കല്ലറകൾക്കു മുകളിലൂടെ ജീവനുള്ള ഒരു കാറ്റ് ഇഴഞ്ഞുരുണ്ടു.

ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞു. അവിടമാകെ പരന്നിരുന്ന വെയിലും മങ്ങി. 

ഇപ്പോൾ മണ്ണും മരങ്ങളുമില്ലാത്തൊരു മുനമ്പിലെത്തിയിരിക്കുന്നു അയാൾ.

കണ്ണെത്താദൂരം നീണ്ടു പുളഞ്ഞ്.. തിങ്ങിപ്പരന്ന മേഘങ്ങൾക്കിടയിൽലൂടെ  ഒറ്റയടിപ്പാത തെളിഞ്ഞു. ആ വിജനതയിലൂടെ ഏറെദൂരം യാത്ര ചെയ്തു. മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിലാണ് യാത്ര യവസാനിച്ചത്.

അവിടെ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ വെയിലത്ത് വെട്ടിത്തിള ങ്ങുന്നു. മറുഭാഗത്ത് കുറെ മനുഷ്യരുടെ നിഴലുകൾ.

പൊടുന്നനെ തെളിഞ്ഞ വെളിച്ചപ്പൊട്ടിൽ നിന്ന് അന്നേരം ഒരശരീരി ഉണ്ടായി.
'നീ കാണുന്ന വസ്ത്രങ്ങൾ നിനക്ക് മുമ്പേ മരിച്ചവരുടേത്. 
നിഴലുകൾ ഇനി   ജനിക്കാനിരിക്കുന്നവരുടേതും'

മരിച്ചവർക്കിനി ഉടയാടകൾ ആവശ്യമില്ലേ ?
ജനിക്കാനിരിക്കുന്നവർക്ക് നിഴലുകളുണ്ടാവ്വോ ?

ആരോടെന്നില്ലാതെ സംശയം അയാളുടെ ഉള്ളിൽ നിന്നും കുതറി.

'ഇത് മാത്രമാണോ നിനക്കിനി ബോധ്യപ്പെടാനുള്ളത്. പ്രപഞ്ചത്തിന്റെ സർവ്വ സത്യങ്ങളും അറിയാമെന്ന അഹങ്കാരമുണ്ടല്ലോ ആ വാക്കുകളിൽ..

പ്രകാശബിന്ദു തൊട്ടുമുമ്പിലെന്ന പോലെ കൂടുതൽ തിളങ്ങി. 
മേഘത്തൂവൽ അവിടമാകെ തെന്നിപ്പറന്നു. അയാൾ വെളിച്ചത്തിലേക്ക് കൂടുതൽ അടുത്തു നിന്നു.

മുമ്പേ മരിച്ചുപോയവർ നിന്നെ ഓർക്കുന്നില്ല. ജനിക്കാനുള്ളവർ നിന്നെ അറിയാനുമിടയില്ല. നിന്റെ നിസ്സാരത ഇപ്പോൾ തിരിച്ചറിയുന്നു, അല്ലെ?

അശരീരിയിൽ പരിഹാസധ്വനി. 
വെളിച്ചത്തിൽ നിന്നു മുഖം മറയ്ക്കാൻ  അയാൾ മേഘമറവിലേക്ക് ഒതുങ്ങി.

ഒളിച്ചു നിൽക്കാൻ ഇടം തേടുകയാണോ?

വെളിച്ചം പാലിനേക്കാൾ വെളുത്തു.

ഇവിടെയെത്തുന്നതിനു മുമ്പുള്ള ജീവിതം ഓർമ്മയുണ്ടോ?
ആരായിരുന്നു നീ..
എന്തായിരുന്നു നിന്റെ പത്രാസ്.
മനുഷ്യരെ അകറ്റാൻ ഓരോ കാരണങ്ങൾ പറഞ്ഞു, പല കളങ്ങൾ വരച്ച് എന്തൊക്കെയാണ് നീ ചെയ്തു കൂട്ടിയത്.
സ്വന്തം വീട്ടുമുറ്റത്തേക്ക് ഒന്ന് നോക്കൂ... സ്നേഹമെന്ന ഒറ്റവാക്കിനാൽ ചുറ്റിവരഞ്ഞിരുന്ന ഏതാനും ഹൃദയങ്ങൾ മാത്രം അവിടെ വിങ്ങിപ്പൊട്ടു ന്നുണ്ട്. 
നീ കെട്ടിപ്പൊക്കിയതൊക്കെ തോന്നലുകളായിരുന്നു.

അയാൾ കണ്ണുപൂട്ടി നിന്നു.
വെളിച്ചം മുഖത്തേക്ക് തെറിക്കുന്നത് അറിയുന്നില്ലെന്ന് ഭാവിച്ചു.

അന്നേരം തീച്ചൂട് തൊടുന്ന പോലൊരു കാറ്റ് മേഘപടലങ്ങൾക്ക് മുകളിലൂടെ വീശിയടിച്ചു.
വെളിച്ചം മങ്ങിത്തുടങ്ങി.

കണ്ണുതുറന്നു കൈകൾ കൂപ്പി, അയാളിൽ നിന്ന് പ്രാർത്ഥന പോലെ ചില വാക്കുകൾ ഇറ്റിവീണു.

മണ്ണിൽ ഇനിയൊരു ജന്മം സാധ്യമാണോ?

ഇനിയൊരു ജന്മമോ.. എന്തിന്?

മനസ്സിൽ നന്മ മാത്രം നിറച്ചു വെക്കാൻ.. മതിൽക്കെട്ടുകൾ നിർമ്മിക്കാതെ സകല മനുഷ്യരെയും സ്നേഹിക്കാൻ...

അയാൾ കൊതിയോടെ ഭൂമിയിലേക്ക് നോക്കി. മണ്ണിൽ വിവിധ പൂക്കൾ നിറഞ്ഞു നിൽക്കുന്നു. 
ജീവിച്ചിരുന്നപ്പോൾ കണ്ണിൽ പെടാതിരുന്ന കാഴ്ച.

'മണ്ണിൽ ഇനിയൊരു ജന്മം..'
അയാൾ ചോദ്യം ആവർത്തിച്ചു.

കടുകുമണിയോളം ചെറുതായ വെളിച്ചം പൊടുന്നനെ അണഞ്ഞു.
ഇരുട്ടുമൂലയിൽ അയാളുടെ ശബ്ദം ഒടുങ്ങി.
മുമ്പിലെ ഒറ്റയടിപ്പാത മേഘപ്പുറ്റുകൾ നിറഞ്ഞ്, കാഴ്ചയിൽ നിന്ന് മാഞ്ഞു. 

അനന്തരം, വസ്ത്രക്കൂനയുടെ മുകൾഭാഗത്ത് തന്റെ നിറമില്ലാത്ത കുപ്പായവും കാണുമെന്നയാൾ തീർച്ചപ്പെടുത്തി.



* * * * *

NB : ഇന്ന് തിരുവോണം.

ഇന്ന് പത്രം അവധി. നാളെ പത്രം ഉണ്ടാവില്ല. 
ആയതിനാലാവാം ഇന്നത്തെ (ശനിയാഴ്ച) പത്രത്തിനൊപ്പം 
ഞായർപേജ് വന്നത്.



Wednesday, August 15, 2018

സ്വാതന്ത്ര്യ ദിനം



അന്നൊരു പാതിരാ നേരത്തുദിച്ചു സ്വാതന്ത്ര്യത്തിൻ നവസൂര്യൻ 
വെള്ളിവെളിച്ച പ്പാരിന്നഴകായി പാറിവിളങ്ങി പുതുശോഭ 
ആളൊഴിഞ്ഞൊരു വീഥി പ്രകാശത്തിൽ നിവരുന്നു 
ആയിരങ്ങളന്നേരം പ്രാർത്ഥനയിൽ കൺചിമ്മുന്നു 

ദേശത്തിന്നഭിമാനം കാക്കാൻ വീരമൃത്യു പൂകിയ യോദ്ധാക്കൾ 
ആകാശദേശത്തിരുന്നവർ ചിരി തൂകി മൂവർണ്ണ പതാകയിൽ കൈതൊട്ടു 
എൻ രാജ്യമെൻ സോദരർ ... എന്റെ നിലാവും സ്വർഗ്ഗതുല്യമായൊരു മണ്ണും 
ഇതെന്റെ ദേശമിതെന്റെ ഭാഷയും, ഇതെന്റെ ജീവനിൻ സംഗീതസൗഭഗം 

ഇനി, നിങ്ങൾ നിർമ്മിക്കും ദേശത്തി ൻ ഭൂപടം
ഇനി മാറ്റിയെഴുതിക്കും നന്മ തന്നക്ഷരപ്പെരുമകളോരോന്നും 
മനുഷ്യരെ പലചതുരപ്പൊത്തിൽ ഒളിപ്പിക്കും 
ഒടുക്കം നിങ്ങളവർക്കായ് മുതലക്കണ്ണീരൊലിപ്പിക്കും 

ഇല്ല, ഞങ്ങൾ തോറ്റൂ തരില്ല, ജീവൻ വെടിഞ്ഞും ജയിക്കാൻ പ്രയത്നിക്കും ആശയായ് കൺമുമ്പിൽ തെളിയുമാം ജീവതേജസ്സ്‌ പിന്നെയും 
സ്വാതന്ത്ര്യമാണമൃതമെന്നോതിക്കൊണ്ടങ്ങനെ...
വട്ടക്കണ്ണട, പല്ലില്ലാത്തൊരു ചിരി, 
നിറമില്ലാകാഴ്ചയായ് വടികുത്തി നീങ്ങുന്നു 

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം..
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെജീവിതം 
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം...!

********************************************************* 

Saturday, July 28, 2018

ഭാരതിയമ്മയുടെ രാജ്യം



പന്നിയങ്കര ശങ്കരവിലാസം സ്‌കൂളിലെ ക്ലാസ്സുമുറിയിൽ പിൻബെഞ്ചിനും പിറകിലെ ഇത്തിരിമൂലയിൽ കാൽമുട്ട് നിലത്തമർത്തി, വാനരഭാവഹാദികൾ മുഖത്ത് വരുത്തി സഹപാഠികളെ ചിരിപ്പിക്കുമ്പോൾ ഒരിക്കലും ദേഷ്യപ്പെടാത്ത സഗുണടീച്ചറുടെ ചുളിഞ്ഞ പുരികമുഖം എന്റെ മുൻപിൽ വന്നു നിൽക്കുന്നത് ഓർമയിൽ മങ്ങാതെ നിൽക്കുന്നു.

മുഖത്ത് ഭാവം വരുത്തേണ്ട കാര്യമില്ലെന്നും നീയൊരു 'കുരങ്ങൻ' തന്നെയാണെന്ന് പറഞ്ഞ് ചൂരലോങ്ങുകയും ചെയ്യുമ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയാണ്.

ഞങ്ങളുടെ ക്ലാസ്സിന്റെ പിറകുവശത്തായിരുന്നു ഉപ്പുമാവ്പുര സ്‌ഥിതി ചെയ്തിരുന്നത്. ഉപ്പുമാവുണ്ടാക്കിയിരുന്നത് ഭാരതിയമ്മയും.
മെലിഞ്ഞു നീണ്ട്, നരച്ച സാരിയും ധരിച്ച് സ്‌കൂൾമുറ്റത്ത് ആദ്യമെത്തിയിരുന്നത് അവരായിരുന്നു.
ജീവിതത്തിന്റെ സർവ്വ വേവലാതികളും ആ മുഖത്തുനിന്നും വായിച്ചെടുക്കാം. അത്രയ്ക്ക് ദയനീയമായൊരു രൂപമായിരുന്നു അവരുടേത്.

ഉപ്പുമാവ് വാങ്ങാൻ എല്ലാ കുട്ടികളും വീട്ടിൽ നിന്നും പാത്രമെടുത്തു വരുമായിരുന്നു. എന്റെ വീട്ടിൽനിന്നും പാത്രം തരില്ല, എന്നുമാത്രമല്ല സ്‌കൂളിൽ നിന്ന് ഉപ്പുമാവ് വാങ്ങിക്കഴിക്കരുതെന്ന് താക്കീതുമുണ്ടായിരുന്നു.

കുട്ടികൾക്കെല്ലാവർക്കും ഉപ്പുമാവ് വിതരണത്തിന് നേതൃത്വം നൽകിയിരുന്നത് ഞങ്ങളുടെ അറബിമാഷായിരുന്നു. ഉപ്പുമാവ് വാങ്ങിക്കഴിച്ച് എല്ലാവരും അവിടം വിട്ടുപോയാലും ഭാരതിയമ്മയുടെ ജോലി തീർന്നിട്ടുണ്ടാവില്ല. പാത്രങ്ങളെല്ലാം കഴുകിവെച്ച് പരിസരമാകെ വൃത്തിയാക്കി പിന്നെയും ഏറെനേരം കഴിഞ്ഞേ ഭാരതിയമ്മ വീട്ടിലേക്ക് പോവുകയുള്ളൂ.

ചില ദിവസങ്ങളിൽ ഭാരതിയമ്മ അവധിയായിരിക്കും. അതിനു കാരണം എന്താണെന്ന് ഞങ്ങൾ കുട്ടികൾക്കറിയില്ല. മൂന്നുദിവസം തുടർച്ചയായി ഉപ്പുമാവില്ലാത്ത മധ്യാഹ്നങ്ങൾ ഞങ്ങളിലൂടെ കടന്നു പോയി. നാലാംദിവസം പതിവിലും നേരത്തെ എത്തിയ ഭാരതിയമ്മയെ കണ്ട് ഞങ്ങൾ സന്തോഷിച്ചു.

ക്ലാസ്സിൽ കയറി ആദ്യബെൽ മുഴങ്ങിയ ഉടനെത്തന്നെ സഗുണടീച്ചർ ഞങ്ങളെയെല്ലാം വരിയായി നിർത്തി സ്‌കൂളിന് പിറകിലെ വിശാലതയിലേക്ക് നടത്തിച്ചു.  ഇന്ന് അസംബ്ളിയുണ്ടെന്ന് ക്ളാസ്സ്‌ലീഡർ  പറഞ്ഞത് പല ചെവികൾ മറിഞ്ഞ് എന്റെയടുത്തുമെത്തി.
എല്ലാ ക്ലാസിലെയും കുട്ടികൾ മുറ്റത്ത് നിരയായി നിറഞ്ഞപ്പോൾ നാലാംക്ലാസ്സിലെ സുനിൽ ഞങ്ങൾക്കഭിമുഖമായി വന്നു.

'ഭാരതം നമ്മുടെ രാജ്യമാണ്..
ഭാരതീയരെല്ലാം നമ്മുടെ സഹോദരീ സഹോദരന്മാരാണ്..'

സുനിൽ ഉറക്കെ പറയുകയാണ്.
എല്ലാവർക്കുമൊപ്പം എന്റെ ശബ്ദവും.

'ഭാരതിയമ്മയുടെ രാജ്യമാണ്..'

അങ്ങനെ പറയുകയും ഭാരതിയമ്മയുടെ രാജ്യമേതായിരിക്കുമെന്ന് ഞാൻ ചിന്തിക്കുകയും ചെയ്തു.

അസംബ്ലി കഴിഞ്ഞു.
ക്ലാസ്മുറിയിലെത്തിയപ്പോൾ ഞാൻ പറഞ്ഞ ഭാരതിയമ്മയുടെ രാജ്യത്തെക്കുറിച്ച് സഗുണടീച്ചറോട് മജീദാണ് സൂചിപ്പിച്ചത്.
ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു.
സഗുണടീച്ചർ മാത്രം ചിരിച്ചില്ല. അവരെന്റെ അടുത്തേക്ക് വന്നു.

'നീ പഠിക്കാനാണോ അതോ, കുരങ്ങു കളിക്കാനാണോ സ്‌കൂളിൽ വരുന്നത്?'

അധികമാരോടും ദേഷ്യപ്പെടാത്ത, കുട്ടികളെ തല്ലാത്ത സഗുണടീച്ചറുടെ കൈയിലെ ചൂരൽ എന്റെ കൈവെള്ളയിൽ മൂന്നുതവണ വന്നുവീ ണു.

അന്ന് ക്ലാസിൽ മുഖം കുനിച്ച് ഞാനിരുന്നു. ആരുടെ മുഖത്തേക്കും ഞാൻ നോക്കിയില്ല. ടീച്ചറുടെ മുഖഭാവവും എന്നെ അലട്ടിയില്ല.

ഏറെ വർഷങ്ങൾക്ക് ശേഷം പല വീടുകളിൽ താമസിച്ചൊടുവിൽ സഗുണടീച്ചർ എന്റെ വീടിനടുത്തേക്ക് താമസം മാറിവന്നു.
ഒരിക്കൽ  വീട്ടിനുമുന്പിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ടീച്ചർ പറഞ്ഞതിങ്ങനെ :

"ഞാൻ പഠിപ്പിച്ച എല്ലാ കുട്ടികളും മുൻപിൽ വന്നു നിന്ന് ടീച്ചറേ എന്നു വിളിക്കുമ്പോൾ എനിക്കവരെ പെട്ടെന്നോർക്കാൻ കഴിയാറില്ല.
പക്ഷെ, നിന്നെ എനിക്കോർമ്മയുണ്ട്."


മാതൃഭൂമി ആഴ്ചപ്പതിപ്പ്
2018 ജൂലൈ 29 - ഓഗസ്ററ് 4, പുസ്തകം 96, ലക്കം 20 

*******************************************************************************

     

Wednesday, March 28, 2018

ഭക്ഷണോത്സവം



വിശപ്പ് എന്ന വാക്ക്
ഒരു സത്യം തന്നെയാണ്.

വിശപ്പിന്റെ പ്രതീകങ്ങൾ
നമ്മുടെ വാർത്തകളിൽ നിറയുന്നുണ്ട്.

നമ്മളറിയാതെ അനേകം 'മധു'മരണങ്ങൾ
നാടിന്റെ മുക്കുമൂലകളിലെവിടെയൊക്കെയോ
വെള്ളത്തുണി മൂടി മായുന്നുണ്ട്.

ഭക്ഷണമെന്നത് പശിയാറ്റാനുള്ള 
ഉപാധി എന്നതിൽ നിന്ന്
അത്, ധൂർത്തിന്റെയും
പൊങ്ങച്ചത്തിന്റെയും പ്രതീകമായി
മാറുന്നു.

ആ മാറ്റത്തിന്റെ അടയാളങ്ങളിൽ ഒന്നാണ്
ഭക്ഷണോത്സവം.

 അതേ..ന്നേ ...  ഫുഡ്‌ ഫെസ്റ്റിവൽ!!!

*************************************

Wednesday, January 31, 2018



കാള പെറ്റൂന്ന്
കേട്ടപ്പോൾ തന്നെ
കയറെടുക്കാൻ പോയില്ല.
പകരം
കുട്ടി പെണ്ണോ ആണോ
എന്നന്വേഷിച്ചു.
പെൺകുട്ടിയെങ്കിൽ പേരെന്ത് ?
ആൺകുട്ടിയെങ്കിൽ പേരെന്ത് ?
കുട്ടിയുടെ
പൈതൃകം ഏറ്റെടുക്കാൻ വരുന്നവരെ
എങ്ങനെ കൈകാര്യം ചെയ്യണം
എന്നൊക്കെയാണ് ചർച്ച.
ചർച്ച മൂത്തു മൂത്ത്
ഒടുക്കം,
കയറെടുക്കേണ്ടി വരുമോ
എന്നാണെന്റെ ഭയം.

* * * * * *

Tuesday, January 2, 2018

പോയ വർഷം എനിക്കെങ്ങനെയായിരുന്നു



2017 പോയി..
2018 വന്നു...
കഴിഞ്ഞ വർഷത്തെ അനുഭവപ്പേജ് വെറുതെ ഓരോന്ന് മറിച്ചു നോക്കുകയാണ്.



ജനുവരി 26
റിപ്പബ്ലിക് ദിനത്തിൽ ഗൾഫ് മാധ്യമം സപ്ലിമെന്റ് പ്രസിദ്ധീകരിച്ച 'പാടാതിരിക്കാൻ വയ്യെടി തെയ്യേ..' എന്ന കുറിപ്പ് കൂടുതൽ ആളുകൾ വായിക്കുകയും നല്ല അഭിപ്രായം അറിയിക്കുകയും ചെയ്തു. സന്തോഷം തന്നെ.



ഓർമയുടെ പേജുകൾ മരിച്ചു നോക്കുമ്പോൾ റിയാദിലെ പയ്യന്നൂർ കൂട്ടായ്മ എഴുത്തിന്റെ പേരിൽ നൽകിയ ആദരവ് ഒളിമങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.

പ്രവാസി പ്രമുഖൻ അന്തരിച്ച കെ.എസ്.രാജന്റെ അനുസ്മരണാർത്ഥം പയ്യന്നൂർ സൗഹൃദ വേദി (റിയാദ് ചാപ്റ്റർ) ഏർപ്പെടുത്തിയ സൗഹൃദ സമ്മാനമാണ് ആദരവ്.




റിയാദ് തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നടത്തിയ 'പുസ്തക ചന്തം ' പുസ്തക പ്രദർശന, വിൽപ്പന പരിപാടിയിൽ എന്റെ നഗരക്കൊയ്ത്തും (കഥകൾ) കടൽദൂരവും (കവിതകൾ) ഉൾപ്പെടുത്തിയതിൽ ഏറെ അഭിമാനം തോന്നിയിരുന്നു.
പരിപാടിയുടെ വേദിയിൽ കവിത ആലപിച്ചതും സന്തോഷം തന്നു.


ജിദ്ദ നഗരത്തിലെ മലയാളി സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച P.G സ്മാരക പ്രതിമാസ വായനയിൽ ചർച്ചക്കെടുത്ത ഏഴു പുസ്തകങ്ങളിൽ ഒന്ന് എന്റെ കഥാസമാഹാരം നഗരക്കൊയ്ത്ത് ആയിരുന്നു.
കൂടുതൽ വായിക്കപ്പെടുക എന്നത് സന്തോഷം മാത്രമല്ല, പ്രചോദനം കൂടിയാണ്.



മലയാളീവിഷൻ ഓൺലൈൻ പത്രം റമദാനിൽ ഒരു നോമ്പോർമ ആവശ്യപ്പെട്ടപ്പോൾ ഗൾഫിലെ ആദ്യത്തെ നോമ്പുകാലം തന്നെ പറയാമെന്ന് കരുതി.
കുറിപ്പ്, (ചില മനുഷ്യർ അങ്ങനെയാണ്) അത് മനോഹരമായി അവർ Publish ചെയ്യുകയുണ്ടായി.



i e malayalam ഓൺലൈൻ പത്രത്തിൽ publish ചെയ്ത 'മലയാളിയുടെ അവസാനിക്കാത്ത യാത്രകൾ' എന്ന കുറിപ്പ് ഏറെ വായിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. സന്തോഷം ഇരട്ടിക്കുന്നു.
(Linkക്ലിക്കിയാൽ കുറിപ്പ് വായിക്കാം)
https://www.iemalayalam.com/opinion/gulf-malayalee-migration-changing-employment-patterns-alienation-rafeeq-panniyankara/
എഴുത്തുകൾ വെളിച്ചം കാണുന്നത് ഓൺലൈൻപുറത്തായാലും സന്തോഷം തന്നെ.




കലാലയം സാംസ്കാരിക വേദി (ഗൾഫ്) സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു ചില ചിന്തകൾ പങ്കു വെക്കാൻ അവസരമുണ്ടായി. അനേകം ആളുകൾ ശ്രോതാക്കളായിരുന്നു പ്രസ്തുത പരിപാടിക്ക്.




ഇന്ത്യൻ പ്രാദേശിക ഭാഷാ ചരിത്രത്തി കഥകൾക്ക് മാത്രമായുള്ള ആദ്യ ഓഡിയോ ചാനൽ. ഒരിടത്തൊരിടത്ത്അതിന്റെ 45 കഥകളുടെ ആദ്യ പതിപ്പ് 9-11-2017 ല്‍, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ.വൈശാഖൻ
കേരള സാഹിത്യ അക്കാഡമി ആസ്ഥാനത്ത് വെച്ച് മലയാളത്തിന് സമർപ്പിച്ചു.
'മഴ നനഞ്ഞ വീട്' എന്ന പേരിലുള്ള എന്റെ കഥയും കൂട്ടത്തിലുണ്ട്.
(കഥ കേൾക്കാം.., Link അമർത്തിയാൽ മതി.
https://www.youtube.com/watch?v=VUQ4o-OqIjo  
സന്തോഷം..
ജി.എസ്. മനോജ്കുമാർ സാറിനു നന്ദി.


രണ്ടു വർഷത്തിലധികമായി സഹകരിക്കുന്ന റിയാദിലെ ചില്ല സർഗ്ഗവേദിയുടെ നവംബർ വായന ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചു.
'പുനത്തിലിന്റെ ബദൽജീവിതം' എന്ന പുസ്തകം അവതരിപ്പിച്ചു.
അന്തരിച്ച എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലക്ക് സ്മരണാഞ്ജലിയായിരുന്നു പരിപാടി.
നന്ദി നൗഷാദ് കോർമത്ത്.


സഹോദരീപുത്രിയുടെ കല്യാണത്തിന് പങ്കെടുക്കാൻ ചെറിയൊരു അവധിക്ക് നാട്ടിലെത്തിയതും കുറഞ്ഞ ദിവസത്തിനുള്ളിൽ കുടുംബത്തിലുള്ള എല്ലാവരെയും കാണാനും വിശേഷങ്ങളറിയാനും കഴിഞ്ഞു എന്നത് സന്തോഷമല്ലാതെ മറ്റെന്താണ് നൽകുന്നത്.


കഴിഞ്ഞ വർഷം തീർത്തും മറക്കാൻ കഴിയാത്ത ദിനമാണ് സെപ്തംബർ 10.
പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമായിരുന്നു വാർത്ത കേട്ടപ്പോൾ.
മകൾ റഫ്സില അമ്മയായ വിവരം. അതിലുപരി ഞാനൊരു പെൺകുട്ടിയുടെ മുത്തച്ഛൻ ആയി.
വരികളെഴുതുമ്പോഴും അന്നനുഭവിച്ച സന്തോഷം ഉള്ളിൽ പെരുകുന്നു.
അവളിപ്പോൾ നാലാം മാസത്തിലേക്ക് കടക്കുന്നു.



ഉപ്പയെ ഉംറ നിർവഹിക്കാൻ മക്കയിലും, മദീന സന്ദർശത്തിനും എത്തിക്കാൻ കഴിഞ്ഞു എന്നത് ആത്മനിർവൃതി തരുന്നു. ഉപ്പയുടെ സന്തോഷം നിറഞ്ഞ ചിരി ഉള്ളിൽ മങ്ങാതെ നിൽക്കുന്നു.


ചില യാത്രകളുമുണ്ടായി വർഷം.
അതിലൊന്ന് മദായിൻ സ്വാലിഹ്. റിയാദിൽ നിന്നും ഏകദേശം 1075 കിലോമീറ്റർ ദൂരം.
നൂറ്റാണ്ടുകൾക്ക് മുമ്പ് പടുകൂറ്റൻ പാറകൾ തുരന്നുണ്ടാക്കിയ, മനുഷ്യനിർമിത മഹാ വിസ്മയങ്ങൾ. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇടമാണിത്. സൗദിയിലെത്തിയ കാലം മുതൽക്കേയുള്ള മോഹമാണ്. അതെല്ലാം നേരിൽ കാണണമെന്നത്.
അതിന്നായി പെരുന്നാൾ അവധി ദിനങ്ങൾ. മദീന, യാമ്പു, തബൂക് വഴി അൽ ഉലയിലെ മദായിൻ സ്വാലിഹ് എന്ന ദേശത്തേക്ക്.
വിസ്മയപ്പെടുത്തിയ കാഴ്ചകളായിരുന്നു യാത്രയിലുടനീളം.














അത്തരം ചില യാത്രകൾ വേറെയുണ്ടായത് റിയാദിലെ edge of the World ആയിരുന്നുപിന്നെ കൊച്ചു കൊച്ചു യാത്രകൾ അനവധി വേറെയുംഎല്ലാം ആനന്ദം നൽകുന്ന വേളകൾ തന്നെ.



റമദാനിൽ ബത്തയിലെ Commercial Center തീപ്പിടുത്തം കൺമുമ്പിലെ ദുരന്തമായി.


റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സാന്നിധ്യങ്ങളായ സാം മാത്യൂഗായകൻ പ്രമോദ് കണ്ണൂർഅഹമ്മദ് മേലാറ്റൂർ എന്നിവരുടെ വേർപാടാണ് കഴിഞ്ഞ വർഷം കണ്ണും കരളും നനയിച്ചത്.