Wednesday, October 4, 2017

ആർക്കുമാവില്ല ഈ തീവെളിച്ചം കെടുത്തിക്കളയാൻ




തോക്കാണ് ആയുധം ; ഗോഡ്സെയാണ് ഗുരു..! എന്ന പുസ്തകത്തെ കുറിച്ച്
**************************************************************************

ഞാൻ ഗൗരി ലങ്കേഷ്.
എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മത നിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വർഗീയ വാദിയാകാനല്ല. അതുകൊണ്ട് വർഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു
.


തോക്കാണ് ആയുധം ; ഗോഡ്സെയാണ് ഗുരു..! 
ഫാസിസ്റ്റ് വെടിയുണ്ടകൾ ഇല്ലാതാക്കിയ ഗൗരി ലങ്കേഷിനെ അനുസ്മരിക്കുന്ന ഈ പുസ്തകം ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയാണ്.

ഗൗരി ലങ്കേഷ് പുതിയ കാലത്തിന്റെ പോരാളി മാത്രമല്ല. അവർ ഒരു തുടർച്ച മാത്രമാണ്. നന്മയുടെ വക്താക്കൾക്ക് ഇനിയും കൂടുതൽ പ്രതിഷേധങ്ങളി ലേക്ക് ഇറങ്ങിച്ചെല്ലാൻ ഉൾപ്രേരണ തരുന്ന പോരാട്ടവീര്യത്തിന്റെ പ്രതീകം.
ഗൗരി ലങ്കേഷിന്റെ രാഷ്ട്രീയ ചിന്തകളും കാഴ്ചപ്പാടുകളും ഈ പുസ്തകത്തി ൽ കടന്നു വരുന്നു.
  
സച്ചിദാനന്ദൻ, സക്കറിയ, ശശികുമാർ. കെ. ഇ .എൻ, പ്രകാശ് രാജ്, ചിദാനന്ദ രാജ്‌ഘട്ട, ചേതന  തീർത്ഥഹള്ളി, കെ.ആർ. മീര, ബെന്യാമിൻ, അജയ് പി. മങ്ങാട്ട്, കെ.ടി. കുഞ്ഞിക്കണ്ണൻ തുടങ്ങിയ എഴുത്തുകാരുടെ ലേഖനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

നമ്മളെല്ലാം ഗൗരി ലങ്കേഷുമാരാണെന്ന് പ്രഖ്യാപിക്കുന്ന നിലപാട് പുസ്തത്തിന്റെ എഡിറ്റർ വി. മുസഫർ അഹമ്മദ്.

"പശു അമ്മയാണ്. അത് പാവനമാണ്. മനുഷ്യസ്ത്രീ എന്താണ്? മനുഷ്യസ്ത്രീയുടെ രക്തത്തിനു പാവനതയില്ലേ? 
ഫാഷിസത്തിന് ഒരു രക്തവും പാവനമല്ല എന്നതാണ് വാസ്തവം. രക്തം ഒരു ഉപകരണം  മാത്രമാണ്. ഇത് വർഗീയ ഫാഷിസ ത്തിന്റെ കാര്യം മാത്രമല്ല. എല്ലാ ഫാഷിസങ്ങളുടെയും കാര്യമാണ് എന്നു മറക്കേണ്ട താനും.
ഗൗരി ലങ്കേഷ് നൽകപ്പെട്ടത് പോലുള്ള ഒരു ഫാഷിസ്റ്റ് കൊലയുടെ ഉദ്ദേശ്യം സത്യത്തിന്റെ ശബ്ദത്തെ നിശ്ശബ്ദമാക്കുക എന്നത് മാത്രമല്ല.  ഇത്തരം കൊലകൾ എല്ലായ്പ്പോഴും അഹന്ത നിറഞ്ഞ ആധിപത്യ പ്രകടനവും രാഷ്ട്രത്തിന്റെ അന്തസത്തക്ക് നേരെയുള്ള വെല്ലുവിളിയും കൂടിയാണ്.
ഇന്ത്യ എന്ന രാഷ്ട്രം അതിന്റെ 70  വർഷം  നീണ്ട ചരിത്രത്തിൽ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽ എത്തിയിരിക്കുന്നുവെന്നതാണ് ഗൗരിയുടെ  ദാരുണമായ മരണം നമ്മോടു പറയുന്നത്. നാം സ്നേഹിച്ച ഇന്ത്യ എന്ന ജനാധിപ്ത്യ രാഷ്ട്രം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗോരക്ഷകർ പോലുള്ള കൊലയാളിക്കൂട്ടങ്ങൾ മനുഷ്യജീവിതങ്ങൾ കശക്കിയെറിയുന്നു. വിദ്വേഷവും വർഗവെറിയും ജാതി-മത സ്പർധയും  ചങ്ങല പൊട്ടിച്ച ഭൂതങ്ങളെപ്പോലെ വേട്ടക്കിറങ്ങിയിരിക്കുന്നു.
ദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിലുമെളുപ്പം ദരിദ്രരെ ഉന്മൂലനം ചെയ്യുകയാണ് എന്നു വിശ്വസിക്കുന്നവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആയിരം നാവുകളിൽ നിന്ന് കാളകൂടവിഷം വമിക്കുന്നു. സത്യം വിളിച്ചു പറയേണ്ട നാവുകൾ നിശ്ശബ്ദത പാലിക്കുന്നു.
ഇന്ത്യയാണ് നമ്മുടെ അമ്മ. മറ്റൊന്നുമല്ല.
ആ ഇന്ത്യ മൻ  കീ ബാത്തുകളുടെ മധുരപദങ്ങൾക്കപ്പുറത്തെ കൂരിരുട്ടിൽ വിവരണാതീതമായ ആപത്തുകളിലേക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുക യാണ് എന്നതിന്റെ മറ്റൊരു ഭയാനകമായ സൂചനയാണ് ഗൗരി ലങ്കേഷ് എന്ന ഭാരതീയ പൗരന്റെ വാതിൽപ്പടിയിൽ കട്ട പിടിച്ചിരിക്കുന്ന സ്വന്തം ഹൃദയ രക്തം.
സക്കറിയ - പേജ് 45,46, 47, 48 (ഗൗരി ലങ്കേഷിന്റെ രക്തം)

"പ്രശസ്ത അമേരിക്കൻ പത്രപ്രവർത്തകനായ നോർമൻ കസിൻസ് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ 'മെയ് കാഫി'നെക്കുറിച്ചെഴുതിയത്  ശശികലടീച്ചർ മോഡൽ പ്രഭാഷണങ്ങൾ കേൾക്കേണ്ടി വരുമ്പോൾ നിർബന്ധമായും നമ്മളോർമ്മിക്ക ണം.
നോർമൻ കസിൻസ് എഴുതിയത് ഹിറ്റ്ലറുടെ 'മെയിൻ കാഫി'ലെ ഓരോ വാക്കിനും നൂറ്റിയിരുപത്തിയഞ്ചു ജീവിതങ്ങൾ നഷ്ടമായി എന്നാണ്. 
പ്രകോപന പ്രസംഗങ്ങൾ കേട്ട് ഉന്മത്തരാവുന്ന ആൾക്കൂട്ടങ്ങൾക്ക് നഷ്ടമാവുന്നത് ചിന്തിക്കാനുള്ള കഴിവാണ്. അതെത്ര ജീവിതങ്ങൾ ഇല്ലാതാക്കുമെന്ന് മുൻ‌കൂർ പ്രവചിക്കുക അസാധ്യമാണ്.
എന്നാൽ, എത്ര പേരെ തന്നെ കൊന്നുതള്ളിയാലും തല്ലിത്തകർത്താലും  'മൃത്യു ഞ്ജയഹോമങ്ങൾ' ശുപാർശ ചെയ്തു സ്നേഹപൂർവ്വം വിരട്ടിയാലും അടിച്ചമർത്തപ്പെടുന്ന ഒരു ജനതയുടെ ഓർമകൾ ഒരിക്കലും ഇല്ലാതാവില്ല. അവ ഇല്ലാതാവാൻ, സ്വപ്നങ്ങളിൽ ജീവിതം നിറയുന്ന കാലത്തോളം സാംസ്കാരിക പ്രവർത്തകർ അനുവദിക്കില്ല. എത്ര തന്നെ മർദ്ദനങ്ങൾ നടത്തിയാലും, ആ ഓർമകളെ മായ്ച്ചു കളയാൻ നിങ്ങൾക്കാവില്ല.
ഹൊർവാഡ് ഫാസ്റ്റ് എഴുതിയത് പോലെ, ഓർമകളുള്ള ഒരു ജനതയുടെ തൊലി ക്കു താഴെ കലാപം മുഷ്ടി ചുരുട്ടി നിൽക്കുന്നുണ്ടായിരിക്കും"
കെ.ഇ .എൻ. - പേജ് 68,69,70,71,72,73 
(വാക്കുകൾ കൊയ്യുന്ന ജീവിതങ്ങൾ)

"ഈ നാട്ടിൽ യു.ആർ. അനന്തമൂർത്തിയും ഡോ. കൽബുർഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂർണ്ണചന്ദ്ര തേജസ്വിയും  ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമർശിച്ചിട്ടുള്ളവരാണ്.
പക്ഷെ, അതിന്റെ പേരിൽ അവർ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല. അവർക്ക് വധഭീഷണികൾ ലഭിച്ചിരുന്നില്ല"
എന്നു ഗൗരിലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകൾ കഴിഞ്ഞിട്ടില്ല.
വെടിയുണ്ടയേറ്റ്  തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ?
കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്. അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റു കൊണ്ടിരിക്കും.
കെ.ആർ. മീര - പേജ് 77,78 
(നിത്യമായി ഉയിർക്കുക, ഗൗരി ലങ്കേഷ്) 

"അവൾ ചോദ്യങ്ങളുയർത്തി 
അവൾ എഴുതി 
അവൾ പോരാടി 
അവൾ ചെറുത് നിന്നു
അവൾ വെടിയേറ്റ് കൊല്ലപ്പെട്ടു"
ചേതന തീർത്ഥഹള്ളി - പേജ് 85,86,87
(ഉയരും ആയിരം ഗൗരിമാർ)

മറുശബ്ദമുയർത്തുന്നവരെ ഇല്ലാതാക്കുന്ന ഫാഷിസരീതി ഇല്ലാതാക്കേണ്ടതുണ്ട്. ഹിന്ദുത്വ തീവ്രവാദവും മുസ്‌ലിം തീവ്രവാദവും രാജ്യമൊന്നാകെ നേരിടുന്ന വെല്ലുവിളികൾ തന്നെയാണ്.
ഗൗരി ലങ്കേഷിനെ മാത്രമല്ല. അതുപോലുള്ള അനേകം പോരാട്ടവീര്യങ്ങളെ മായ്ച്ചു കളഞ്ഞവർ ഒന്നോർക്കുക. ഇവരുടെ ആശയങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇവർ ജ്വലിപ്പിച്ചു നിർത്തിയ ആദർശത്തിന്റെ തീവെളിച്ചം കെടുത്തിക്കളയാൻ ആർക്കുമാവില്ല.
അത് നമ്മുടെ മണ്ണിലെ സകല മൂലകളിലും ആളിപ്പടരും.നന്മ വറ്റാത്ത മനുഷ്യ മനസ്സുകളിൽ മരണമില്ലാതെ സ്മരണീയമാവും.
എതിർശബ്ദങ്ങളെ,  വിമർശനങ്ങളെ  ഇല്ലാതാക്കാൻ  ശ്രമിക്കുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കുകയാണ് ഈ പുസ്തകം.
പ്രോഗ്രസ്സ് ബുക്ക്സ് (കോഴിക്കോട്) ആണ് പ്രസാധകർ.


**************************************

Sunday, August 20, 2017

മലയാളിയുടെ അവസാനിക്കാത്ത യാത്രകൾ



ണ്ണിത്തിട്ടപ്പെടുത്തിയ അവധി ദിനങ്ങൾ കഴിഞ്ഞു ആകാശയാത്ര ക്കുള്ള കാത്തിരുപ്പ് കേന്ദ്രം. അല്ലെങ്കിൽ വിമാനത്തിന്റെ ഉൾവശം. പലപ്പോഴും ചില രസികരുടെ ഒരു പ്രയോഗം കേൾക്കാത്തവർ ചുരുക്കമാണ്.
'ആരാണീ ഗൾഫ് കണ്ടു പിടിച്ചത്..അവനെയെന്റെ കൈയിൽ കിട്ടീരുന്നെങ്കിൽ.. എന്ന്.
പ്രിയമുള്ളവരെ പിരിഞ്ഞ് രണ്ടും മൂന്നും വർഷം കടലിനക്കരെ കഴിയാൻ സ്വയം വിധിക്കപ്പെട്ടവന്റെ ആത്മവിലാപമാണത്. കേൾക്കുന്നവർക്ക് ചിരിച്ചു തള്ളാം കാര്യം. പക്ഷെ അവന്റെ ഉള്ളിലെ സങ്കടപ്പുഴ കര കവിയുമ്പോൾ അറിയാതെ പറഞ്ഞു പോവുന്നതാണീ വാചകം.
മറ്റൊന്ന്, ഗൾഫിലൊട്ടാകെയുള്ള മലയാളികൾ.അവർ തന്നോട് തന്നെയോ കൂടെയുള്ളവരോടോ ഒരിക്കലെങ്കിലും ചോദിച്ചിരിക്കും ചോദ്യം.
പ്രവാസം തുടങ്ങി വെച്ചതാരാണ്?
നമ്മളെല്ലാം നിരന്തരം ചോദിക്കുന്ന ഇക്കാര്യത്തിന് ശരിയായ ഉത്തരം ആരും പ്രതീക്ഷിക്കുന്നുമില്ല. എന്നത് മറ്റൊരു തമാശ.
മലയാളി ജീവിതത്തിന്റെ വിജയചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താതെ പോയ ഒരു മനുഷ്യൻ. അങ്ങനെ ഒരാൾ ജീവിച്ചിരുന്നിട്ടുണ്ടല്ലോ. ഇന്നും തീർത്തും അജ്ഞാതനായ മനുഷ്യൻ അന്ന്, ജീവിത സന്ധാ രണത്തിനായി പുതിയൊരു മാർഗ്ഗം തെരഞ്ഞെടുത്തപ്പോൾ ഓർത്തിരിക്കുമോ കേരളീയ പൊതുജീവിതത്തിന് വലിയൊരു മാറ്റത്തിന്റെ രൂപരേഖയാണ് മണൽവഴിയിൽ താൻ വരക്കാൻ തുടങ്ങുന്നതെന്ന്.
ബർമയും സിലോണും വേറെ ചിലയിടങ്ങളുമെല്ലാം മലയാളിക്ക് സ്വന്തം ജീവിതത്തിന്റെ ഗതി മാറ്റിയെഴുതാൻ പ്രാപ്തമാക്കുന്ന മണ്ണായിമാറിയതും അവിടുത്തെ അനിവാര്യമായ തിരിച്ചുനടത്തവും എങ്ങനെയാണ് മലയാളി അന്ന് ഉൾക്കൊണ്ടത്.
പിന്നീട് പത്തേമാരികളിലും ഉരുവിലും ഗൾഫ് തീരങ്ങളിലേക്ക് ജീവിതം തേടി നീന്തിക്കയറിയ പ്രവാസിയുടെ പിറകെയെത്തിയവർ എവിടെയും അടയാളപ്പെടുത്തി വെച്ചിട്ടില്ല അവരനുഭവിച്ച ദുരിതങ്ങളുടെയും വേദനയുടെയും തീരാക്കഥകൾ. അതുകൊണ്ട് തന്നെ യാവണം പലരുമന്വേഷിക്കുന്ന പ്രവാസം തുടങ്ങിവെച്ച ഒരാളെ തിരിച്ചറിയപ്പെടാതെ പോവുന്നതും.

പേരും ദേശവുമറിയാത്ത മനുഷ്യന്റെ പിൻഗാമികൾക്ക് അറുതിയാവുന്നില്ല ഇന്നുമീ മണ്ണിൽ. പ്രതീക്ഷകൾക്ക് വിരാമമിട്ട് തിരിച്ചുപോക്കിന്റെ കണക്കുകൂട്ടലുകൾക്കിടയിലും അവൻ കാണുന്നുണ്ട് പുതിയ സ്വപ്നക്കോഡുകളുമായി പലരും വിമാനമിറങ്ങുന്നത്. പഴയ കേരളം പോലെ ലോകത്തിനിയും ബാക്കി നിൽപ്പുണ്ടാവാം വിശപ്പിന് അറുതി വരാത്ത പട്ടിണിപ്പാടങ്ങൾ.

ഗൾഫ് തന്ന രീതികൾ

പട്ടിണിയും പരിവട്ടവുമായി ജീവിച്ച കയ്പുനാളുകളാണ് കടൽ കടക്കാൻ മലയാളിയെ നിർബന്ധിച്ചത്. എന്നാൽ അക്കാര്യം ഓർമയിൽ പോലും ഇല്ലാത്ത രീതിയിൽ നാട്ടിൽ ആർഭാടത്തിന്റെയും ധാരാളിത്തത്തിന്റെയും പൊങ്ങച്ചത്തിന്റെയും ബ്രാൻഡ് അംബാസഡർമാരായി പ്രവാസി മാറിയതെങ്ങനെയാണ്. വിചിത്രമായി തോന്നാവുന്ന ചില അനുഭവങ്ങളിലൂടെ പ്രവാസം ജീവിച്ചു തീർക്കുമ്പോൾ ചുറ്റുപാടിന്റെ സംസ്കാരവും ജീവിതരീതിയും എന്തിനേറെ ഇവിടുത്തെ ഭക്ഷണ ശീലം പോലും അവനിലേക്കും അവന്റെ മണ്ണിലേക്കും പറിച്ചു നടപ്പെട്ടത്എങ്ങനെയാണ്.
വിവാഹവും മറ്റു ചടങ്ങുകളും ഭക്ഷണ മാമാങ്കമായി പൊടിപൂരമാക്കുന്ന അവസ്ഥയുണ്ട് നാട്ടിൽ.അവിടെ കാണുന്ന മിക്കവാറും രീതികൾ ഗൾഫിൽ നിന്നും കടം കൊണ്ടതാണെന്ന് ഊന്നിപ്പറയേണ്ട കാര്യമില്ല. അതിൽ ഭക്ഷണശീലമാണ് എടുത്തു പറയേണ്ടത്.കുഴിമന്തിയും കബ്സയും അറേബ്യൻ ഖഹ്വയും മറ്റനേകം വിഭവങ്ങളും കല്യാണതീന്മേശയിലെ മെനുവിൽ ഒഴിച്ചു പറ്റാത്ത ഇനങ്ങളായി മാറി എന്നത് അനിഷേധ്യ വസ്തുതയാണ്. ആഡംബര വാഹനങ്ങളും കൊട്ടാര സാദൃശ്യ ഭവനങ്ങളും ഒക്കെ ഗൾഫ് ജീവിത പരിസരത്തു നിന്നും അറിഞ്ഞും അറിയാതെയും മലയാളി നെഞ്ചിലൊട്ടിച്ചു നാട്ടിലെത്തിച്ച ചിത്രങ്ങളുടെ വകഭേദങ്ങൾ തന്നെ.

ഇനി, മടക്കയാത്ര

ഭൂമിയുടെ അറ്റം വരെ നമുക്ക് യാത്ര ചെയ്യാം. പക്ഷെ, വീണ്ടും സ്വന്തം വീട്ടുമുറ്റത്തു തന്നെ തിരിച്ചെത്തുമെന്ന ഒരോർമ നമ്മിലുണ്ടാവണം.
മടക്കായാത്ര എന്നുണ്ടാവുമെന്ന് പ്രവചിക്കാനും തീരുമാനമെടുക്കാനും നമുക്കാവില്ല. കാരണം പ്രവാസം നമ്മുടെ മുമ്പിൽ നീണ്ട വഴിത്താര ഒരുക്കിവെച്ചിട്ടുണ്ടെന്നും മടങ്ങിപ്പോകുന്നവരിൽ അവസാനത്തെ ആളായിരിക്കും താനെന്നും ഓരോരുത്തരും കണക്കുകൾ മെനയുന്നു. അതുകൊണ്ട് തന്നെയാവാം അര നൂറ്റാണ്ടിന്റെ പ്രവാസമനുഭവിച്ചിട്ടും ഭൂരിപക്ഷ മലയാളിയും സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്നത്. ഇനിയിക്കാര്യം ചർച്ചക്കെടുത്തിട്ട് ഫലമുണ്ടാവുമെന്ന് തോന്നുന്നില്ല.
സ്വന്തം മണ്ണിന്റെ ദുരിതവും പട്ടിണിയും മായ്ച്ചു തീർക്കാൻ പ്രവാസം തെരഞ്ഞെടുത്ത ജനത ഒടുവിൽ തിരിച്ചു പോക്കിന്റെ അറ്റം കാണാക്കരയിൽ വന്നു നിൽക്കുമ്പോൾ മടക്കയാത്ര അവനിൽ അലോസരം സൃഷ്ടിക്കുന്നതെന്തു കൊണ്ടാണ്? പുതിയ അവസ്ഥയിൽ അവർ പരസ്പ്പരം നോക്കി നെടുവീർപ്പിടുന്നത് എന്തുകൊണ്ടാണ്?
പുതിയ അവസ്ഥയെന്നത് നിതാഖാത്തും സ്വദേശിവൽക്കരണവും ലെവിയും പിരിച്ചു വിടൽ ഭീഷണിയും മാത്രമല്ല. ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വിദേശി അനുപാതത്തിലെ അന്തരം പോലും വ്യവസ്ഥിതികൾ മാറ്റിയെഴുതാനും ജീവിതരീതികൾ മാറ്റിയെടുക്കണമെന്നും അവരെ  ആത്മാർത്ഥമായി ചിന്തിപ്പിക്കുന്നു.
പുതിയ കാലത്തെ യുവത വിദ്യാഭ്യാസപരമായും തൊഴിൽപരമായുമൊക്കെ മുൻകാലത്തെ അപേക്ഷിച്ച് ഒരുപാട് മുന്നേറിയിട്ടുമുണ്ട്. അവരുടെ ജീവിത നിലവാരം ഉയർത്തേണ്ടതും തൊഴിൽ ലഭ്യത ഉറപ്പു വരുത്തേണ്ടതും രാജ്യത്തിന്റെ മുന്നേറ്റത്തിനും ശോഭനമായ ഭാവിക്കും അത്യന്താപേക്ഷികമാണ്. പരിതഃസ്ഥിതിയാണ് മലയാളിയടക്കമുള്ള അനേകം മനുഷ്യരുടെ ഗൾഫ് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എങ്ങനെയൊക്കെ ജീവിക്കേണ്ടിയിരുന്നില്ല എന്ന പുനരാലോചനയുടെ അവസാന പേ ജും വായിച്ചു തീർത്ത് ഇനിയെന്ത് എന്ന സമസ്യയുടെ പൂരണപ്രക്രിയയുടെ പണിപ്പുരയിലാണിന്ന് പലരും എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല
പക്ഷെ, പട്ടിണിനാടിനെ ഇന്നത്തെ കേരളമാക്കി തീർത്ത തിൽ വലിയൊരു പങ്ക് വഹിച്ച പ്രവാസിമലയാളിയെ പുതിയ അവസ്ഥയിൽ നാടെങ്ങനെ എതിരേൽക്കുന്നു എന്നതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സ്നേഹം കോരിയൊഴിച്ച സ്വന്തക്കാരും സുഹൃത്തുക്കളും മടക്കയാത്രയില്ലാത്ത പ്രവാസിയെ കറവ വറ്റിയ പശുവിനോട് കാണിക്കുന്ന അറിവെങ്കിലും കാണിക്കുമെന്ന് കരുതാനാവുമോ?



യാത്രകൾ
അവസാനിക്കുന്നില്ല

ഗൾഫ് പ്രതീക്ഷകൾ മങ്ങി നാട്ടിലേക്ക് തിരിച്ചെത്തുന്നവർക്ക് നമ്മുടെ ഭരണകൂടം വിളമ്പിത്തരുമെന്ന് പറയുന്ന ആനുകൂല്യങ്ങളും പദ്ധതികളും പ്രായോഗികമാവുമെന്ന് യാതൊരുറപ്പും ആർക്കുമില്ല. സ്വന്തം നാട്ടിൽ   പിടിച്ചു നിൽക്കാനുള്ള ചിലരുടെ പ്രയത്നങ്ങൾ എത്രത്തോളം വിജയമാകുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. കാരണം എങ്ങനെയെങ്കിലും നാട്ടിൽ വേരുപിടിപ്പിക്കണമെന്ന ചിന്തയിൽ മുൻകാലങ്ങളിൽ മടങ്ങിപ്പോയവർ ചെറിയൊരു ഇടവേളക്കുള്ളിൽ പഴയ ലാവണത്തിലേക്ക് തിരിച്ചെത്തിയ അനുഭവങ്ങൾ പ്രവാസിയുടെ മുമ്പിൽ ഒരുപാടുണ്ട്. അവരത്രയും ഇവിടുന്ന് യാത്ര പറഞ്ഞത് നാട് തണലേകുമെന്ന വിശ്വാസത്തിലായിരുന്നു. പക്ഷെ, വീണ്ടുമവർ പ്രവാസത്തിന്റെ ഭാണ്ഡം മുറുക്കുന്നതിന്റെ കാരണങ്ങളെന്തൊക്കെയാണ്?
വളരെ നിസ്സാരമെന്ന് മറ്റുള്ളവർക്ക് തോന്നാമെങ്കിലും പ്രവാസിയുടെ മനസ്സും ചിന്തയും പ്രിയമുള്ളവർക്ക് പോലും വായിച്ചെടുക്കുക പ്രയാസം. വർഷങ്ങൾക്ക് മുമ്പ് യാത്ര പുറപ്പെടുമ്പോൾ നിലനിന്നിരുന്ന നാടും സാംസ്കാരിക രീതിയുമെല്ലാം കാലങ്ങളോളം അവന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നീടവൻ തിരിച്ചെത്തുമ്പോൾ പുതിയ രീതികളുമായി പൊരുത്തപ്പെടാൻ കഴിയാതെ വീർപ്പുമുട്ടുന്നു.
കാലസ്തംഭനം ബാധിച്ചവനാണവൻ.മാറിയ ജീവിതരീതി ഉൾക്കൊള്ളാൻ അവനൊരു പക്ഷെ പെട്ടെന്നായയെന്നു   വരില്ല. കുടുംബബന്ധങ്ങളിൽ സ്നേഹം വറ്റിയതായും ചങ്ങാത്തയിടങ്ങളിലെ സൗഹൃദത്തിന് സജീവത ഇല്ലാതായതായും അനുഭവപ്പെടുമവന്.
വർഷങ്ങളോളം തൊഴിലെടുത്ത ദേശത്തെ പരപ്പറമുള്ള കൊടുക്കൽ വാങ്ങലുകളും  സ്നേഹക്കൂട്ടായ്മകളും അവന്റെയുള്ളിൽ നിറച്ച ആർദ്രത നാട്ടിൽ പലരിലും കാണുന്നില്ലല്ലോ എന്ന  സങ്കടം  അവനെ  മാനസിക പിരിമുറുക്കമായി വല്ലാതെ  അലട്ടും. കുറേക്കാലം   അനുഭവിച്ച  രീതികളിൽ ninnum പെട്ടെന്ന്, പിറന്ന നാടെങ്കിലും അവിടെ ഇഴുകി ചേരാൻ  കഴിയാതെ അജ്ഞാതമായ തുരുത്തിലകപ്പെട്ട പോലെ പറ്റപ്പെട്ടു പോയി എന്ന തോന്നലുണ്ടാക്കും.ആശ്രയമറ്റ പ്രതീതിയനുഭവപ്പെടും. പിന്നെ അവന്റെ മുമ്പിലെ ഏക മാർഗ്ഗം ജനനദേശം വിട്ട് മറ്റെവിടേക്കെങ്കിലുമുള്ള തൊഴിലന്വേഷണ യാത്ര തന്നെ ശരണം.
മലയാളിയുടെ യാത്രകൾ അവസാനിക്കുമെന്ന്    തോന്നുന്നില്ല .
പ്രവാസം വിധിക്കപ്പെട്ടവനാണവൻ. ഓരോ വാതിലുകളും കൊട്ടിയടക്കപ്പെടുമ്പോൾ പുതിയ വഴികളാവാൻ തേടിപ്പിടിക്കും.
മുൻചരിത്രങ്ങൾ  കാണിച്ചു തന്നത് അങ്ങനെയാണല്ലോ?
എന്നാൽ അവൻ വീണ്ടും യാത്ര പുറപ്പെടുന്നത് മുമ്പത്തെപ്പോലെ പട്ടിണി തീർക്കാനല്ല. മറിച്ച്  സ്വന്തം നാട്ടിൽ, പ്രിയപ്പെട്ടവരൊക്കെ കൺമുമ്പിലുണ്ടായിട്ടും ഒറ്റപ്പെടുന്നതിലെ ഖിന്നത ഒളിച്ചു വെക്കാനാണ്. മണൽനാട്ടിലെ വീർപ്പു മുട്ടുന്ന അവസ്ഥയും നഗരത്തിരക്കിനിടയിലെ ആൾക്കൂട്ടത്തിൽ ഒറ്റപ്പെടലും മടക്കയാത്ര  യെക്കുറിച്ചു  ചിന്തിക്കുന്നവനെ ആകുലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല.


***

iemalayalam.com ഓൺലൈൻ പോർട്ടലിൽ (ഇന്ത്യൻ എക്സ്പ്രസ്സ് ടീം) 20.08.2017 ഞായറാഴ്ച പ്രസിദ്ധീകരിച്ചത്.
(https://www.iemalayalam.com/opinion/gulf-malayalee-migration-changing-employment-patterns-alienation-rafeeq-panniyankara/)


 **********************************************************************