Sunday, January 26, 2014

കസ്റ്റമർ




കൊച്ചുമോളുടെ കയ്യുംപിടിച്ച് ജംഗ്ഷനിലെ തിരക്കിലൂടെ നടന്നു ചെന്നത് മേശ പ്പുറത്ത് നിവര്‍ത്തിയ ലാപ്ടോപ്പിലൂടെ ഏതോ ഹോള്‍സെയില്‍ ഡീലറുമായി ചാറ്റിലേര്‍പ്പെട്ടിരിക്കുന്ന കടക്കാരന്റെ മുമ്പിലേക്ക്..

ഉണങ്ങിയ തൊണ്ട ഉമിനീരിറക്കി നനച്ചു.

‘..ഒര് ബോട്ട്ല്‍ വെള്ളം..’

വേറെയെന്തോന്ന് വേണം..

മോണിറ്ററില്‍ നിന്നും മിഴിയടര്‍ത്താതെ കടക്കാരന്റെ ചോദ്യം.

ഇപ്പോ.. ഇതുമാത്രം മതി.

‘..ഹംബര്‍ഗറും ഷവര്‍മയുമൊക്കെ വാങ്ങുന്നോര്‍ക്ക് മാത്രം വെള്ളം വിറ്റാ മതീന്നാ മൊതലാളീടെ തീരുമാനം ..
വെള്ളത്തിനു  മാത്രമായി മൊഖം ചുളിച്ച് വരുന്നോര്‍ക്ക് തരാനിവിടെ കെണറ് കുഴിച്ചിട്ടൊന്നൂല്യ..’
അയാളുടെ മുഖത്ത് അവജ്ഞ.

ഇവള്‍ക്ക് വല്ലാതെ ദാഹിക്കുന്നൂന്ന് പറഞ്ഞു. പിന്നെ, ഇത്തിരി എനിക്കും..

യാചനാ സ്വരത്തില്‍ കുഞ്ഞുമുഖത്തേക്ക് കടക്കാരന്റെ ശ്രദ്ധ ക്ഷണിച്ചു.

അതൊന്നും കാര്യമായെടുക്കാതെ, ഹോള്‍സെയില്‍ ഡീലറുമായി ചാറ്റിംഗ്
ക്ലോസ്  ചെയ്ത് പതിവുള്ള ഏതോ കിളിവാതില്‍ തുറന്ന് അയാള്‍ മധുരം പങ്കിടാന്‍ തുടങ്ങി.

******************************************

                                                              ഇ - മഷി ഓണ്‍ലൈൻ മാഗസിൻ, 2014 ജനുവരി

                                                                                                                                                        ചിത്രം കടപ്പാട്: ഗൂഗിൾ


Thursday, January 16, 2014

കറുത്ത പെട്ടിയും തൂക്കി അന്നൊരാൾ



ആകാശത്തിലുറങ്ങി
ഭൂമിയിലേക്ക് കണ്ണുതുറന്ന്
കറുത്ത പെട്ടിയും തൂക്കി
മുറ്റത്തേക്ക് കയറിയപ്പോള്‍
ഒട്ടേറെ കണ്ണുകളില്‍
സന്തോഷത്തിന്റെ തിളക്കം.

പെട്ടി തുറന്ന്
മകന് മൊബൈലും
മകള്‍ക്ക് സ്വര്‍ണ്ണമാലയും നല്‍കി
ഒന്നു ക്ഷീണമകറ്റാന്‍
തലയണയില്‍ മുഖമമര്‍ത്തിയ നേരം
പ്രണയമൂര്‍ത്തി വന്ന്
അധരങ്ങള്‍ നെറ്റിയില്‍ മുട്ടിച്ച്
എന്തേ എനിക്ക്
സമ്മാനപ്പൊതിയൊന്നുമില്ലേയെന്ന്
വെറുതെ പരിഭവം കാണിച്ചു.

നിനക്കു തരാള്ളനുള്ളതെല്ലാം
വെറുമൊരു പൊതിയ്ക്കുള്ളില്‍
ഒതുങ്ങില്ലെന്ന മന്ത്രം കാതിലിറ്റിച്ച്
ദേഹത്തലിയാന്‍ തുടങ്ങിയപ്പോള്‍
മക്കള്‍ വാതിലില്‍ താളംകൊട്ടുന്നു.

മടക്കയാത്രയുടെ ദിനം  വന്നു.
മക്കള്‍ നിറചിരിയോടെ
വീണ്ടും വരുമ്പോള്‍ എന്തെല്ലാം
വാങ്ങിവരാന്‍ പറയണമെന്ന
ആലോചനയില്‍ നിവരവെ
ഒരു കടലാസുപെട്ടിയില്‍, അവള്‍
കപ്പയും ചക്ക വറുത്തതും
അച്ചാറും പപ്പടവും
കുറേ മധുരവും പൊതിഞ്ഞു വെച്ചു.

പൊതിയാന്‍ കഴിയാത്ത
ഉള്ളിലെ തേങ്ങല്‍
എവിടെയോ ഒതുക്കിവെച്ച്
പുഞ്ചിരിമൊട്ടുകള്‍ പൊഴിച്ച്
അവളങ്ങനെ ..

കണ്ണീര് പെയ്തു വീഴും മുമ്പേ
മുറിയില്‍ നിന്നും
വിരഹത്തിലെ വെയില്‍ച്ചൂടിലേക്ക്
കാലിടറാന്‍ തുടങ്ങവേ
അവള്‍ സ്വന്തം ഹൃദയമെടുത്ത്
എന്റെ ചങ്കിനു  താഴെ ഒട്ടിച്ചുവെച്ചു.

പിന്നെ, ഇത്രമാത്രം..
ഇനി, നിങ്ങള്‍ തിരിച്ചെത്തും വരെ
ഞാനിവിടെ ഇരുട്ടത്താണ്.
ഇടയ്ക്ക് ഒരു നുറുങ്ങുവെട്ടമാവുന്നത്
നിങ്ങളുടെ സ്നേഹത്തിന്റെ
നക്ഷത്രത്തുണ്ടുകളാണ്.


••••••••••••••••••••••••••••••••••••••

Tuesday, January 7, 2014

ഊന്നുവടികള്‍




കല്ല്യാണം കഴിഞ്ഞിട്ട് ഇരുപത്തിയെട്ട് ദിവസത്തെ മധുവിധുവിനു  ശേഷം വീണ്ടും പ്രവാസം..
രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ വീണുകിട്ടുന്ന ഇത്തിരിപ്പോന്ന അവധിദിങ്ങള്‍.
ഓരോ അവധിക്കാലവും അവസാനി ക്കുമ്പോള്‍ അവള്‍ ചോദിക്കും.
‘ജീവിതത്തിന്റെ എല്ലാ സൌഭാഗ്യങ്ങളും നമ്മളെപ്പോഴാണ് അനുഭവിക്കുക..’
അവളെ കണ്ണീരോടെ മാറോടൊട്ടിക്കും. അവളുടെ കണ്ണീരില്‍ സ്വന്തം നെറ്റിയും കവിളും നനയും.
‘നമുക്കൊരു കാലം വരും.. അന്ന് നമുക്കിവിടെ സ്വര്‍ഗ്ഗം പണിയണം..’
കണ്ണീര്‍പ്പാടയില്‍ മുങ്ങിയ ആ നോട്ടത്തിനു  മുകളില്‍ ചുണ്ടമര്‍ത്തി അവളെ സമാധാനി പ്പിക്കും.

മരുക്കാട്ടിലെത്തിയാല്‍ ജീവിതം വീണ്ടും യാന്ത്രികമാവും.
സമയം പാഴാക്കാതെ നല്ല രീതിയില്‍ കൈ നിറയെ പണമുണ്ടാക്കണം..
സ്വപ്നങ്ങളൊരുപാട് നെയ്തുകൂട്ടി.
കൃത്യമായ കണക്കുകൂട്ടലുകളോടെ ജീവിതത്തിന്റെ ഓരോ പടവുകളും..

വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല.
നാട്ടിലെ അത്യാവശ്യകാര്യങ്ങള്‍.. പുരപ്പണി..
ശേഷം അതില്‍ വന്ന കടം വീട്ടലുകള്‍.. കുട്ടികളുടെ പഠിപ്പ്, മറ്റു കാര്യങ്ങള്‍.. മകളുടെ വിവാഹം..
കാര്യങ്ങള്‍ അനന്തമായി നീണ്ടുപോവുംതോറും മനസ്സില്‍ തീരുമാനിച്ചു വെച്ചിരുന്ന മടക്കയാത്ര നീണ്ടുപോവുന്നത് അറിഞ്ഞില്ലെന്നു നടിച്ചു.

പ്രവാസം തുടങ്ങുമ്പോള്‍ മനസ്സിലുണ്ടായിരുന്ന സ്വപ്ന ങ്ങള്‍ ഒരളവുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ രോഗാതുരമായ ശരീരവുമായി മടക്കയാത്രയ്ക്കുള്ള ഭാണ്ഡമൊരുക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തനി ക്കും പ്രിയതമക്കും മികവുറ്റ ഓരോ ഊന്നുവടികള്‍!



***************************************************

Wednesday, January 1, 2014

പുതുവര്‍ഷം



ഒരു വര്‍ഷം കൂടി കടന്നുപോവുകയും മറ്റൊന്ന് പിറന്നു വീഴുകയും ചെയ്യുന്ന അവസരത്തിലാണ് നമ്മളിന്ന് എത്തിനില്‍ക്കുന്നത്.
എല്ലാ ആഘോഷങ്ങളിലും വഴിമാറി സഞ്ചരിച്ച് സ്വബോധം നഷ്ടപ്പെട്ട് കൊണ്ടാട പ്പെടുന്ന മഹാസമൂഹത്തിന്‍റെ ഒരു കണ്ണിയാണ് ഞാനും നിങ്ങളുമൊക്കെ.
ആഘോഷങ്ങളുടെയും വിശേഷാവസരങ്ങളുടെയും സത്തയെന്തെന്ന് തിരിച്ചറി യാതെ എല്ലാ സുദിനങ്ങള്‍ക്കും ഒരേ നിറച്ചാര്‍ത്തൊഴിച്ച് പൊറാട്ടുനാടകമാടു ന്ന കെട്ട കാലമെന്ന മുഖമില്ലാത്ത അവസ്ഥയിലാണ് മലയാളിയുടെ ലോകക്രമം.
പ്രാദേശിക ഉത്സവങ്ങളും ആണ്ടറുതികളും പ്രകൃതിയുടെ പൂക്കാലവുമെല്ലാം നമുക്ക് നിലമറന്ന് ‘എന്‍ജോയ്’ ചെയ്യാനുള്ള അവസരങ്ങളായാണ് പുതിയ കാലം കാണുന്നത്. വിശേഷാവസരങ്ങളുടെ തനത് മൂല്യം എന്തെന്ന് പോലുമോ ര്‍ക്കാതെ, എന്തു സന്ദേശമാണോ ആ സുദിനം ലോകത്തിനു മുമ്പില്‍ ഉദ്ഘോഷി ക്കുന്നത് എന്നു ചിന്തിക്കാതെ അതിനു വിപരീതമായി കൊണ്ടാടപ്പെടുകയാണ് നമ്മുടെ പുതിയ കാലഘട്ടത്തിലെ ആഘോഷവും ജീവിതവുമെല്ലാം.
ലോകം പുതിയൊരു പുലരിയിലേക്ക്, പുതിയൊരു കലണ്ടറിലേക്ക് പ്രവേശി ക്കുകയാണ്. ഇന്നലെത്തെതില്‍ നിന്നും ദിവസങ്ങളുടെ നിറമോ നമ്മുടെ പ്രവര്‍ത്തിപഥത്തിലെ സഞ്ചാരമൊ പുതിയ ദിനത്തില്‍ വ്യത്യസ്ഥമാകില്ല. ഇന്നുവരെ തുടര്‍ന്നു വന്നിട്ടുള്ള ദിനചര്യകളും ജീവിതസഞ്ചാരങ്ങളും നാം തുടരുക തന്നെ ചെയ്യും.

എന്തുതന്നെയായാലും സാധാരണപോലെ ഈയൊരു ദിവസവും ജീവിതത്തില്‍ വ്യത്യാസങ്ങളുണ്ടാക്കാതെ ചുവരിലെ പഴയ കലണ്ടറിനെ വിസ്മൃതിയിലേ ക്കെറിഞ്ഞ് പുതിയൊരൊന്നിനെ സ്ഥാപിച്ച് പതുക്കെ നീങ്ങിമായും.
എന്നാല്‍ മാനസികമായ ചില തീരുമാനങ്ങളും ജീവിതരീതികളും പാലിക്കാന്‍ നവദിനമെന്ന് നാമേവരും വിശ്വാസം വെച്ചു പുലര്‍ത്തുന്ന ഈ പ്രഭാതത്തില്‍ നമുക്ക് തുടക്കമിട്ടുകൂടെ..?

ഓരോ ദിവസങ്ങളവസാനിക്കുമ്പോഴും ജഗദീശ്വരന്‍ നമുക്കായി ചൊരിഞ്ഞ അനുഗ്രഹങ്ങളത്രയും സ്മരിച്ച് നമ്മുടെ സഹജീവികളുടെ വേദനകളിലേക്ക് വെറുതെ ഒരു സാന്ത്വനസ്പര്‍ശവുമായി ചെന്നു നില്‍ക്കാന്‍ മനസ്സുകൊണ്ടെ ങ്കിലും ഒന്നു തയ്യാറായിക്കൂടെ..?
നശ്വരമായ ഈ വാഴ്വില്‍ അനശ്വരമായി മാറാവുന്ന പ്രവര്‍ത്തനങ്ങളില്‍ സക്രിയമാവുമെന്ന് തനിയെ നിന്നുകൊണ്ടെങ്കിലും പ്രതിജ്ഞ ചെയ്തുകൂടെ..?
ഇതുമാത്രമല്ല, ഇതിലും കൂടുതല്‍ നമുക്കാവും. മനുഷ്യജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുന്ന അവസ്ഥകള്‍ ചിത്രങ്ങളായും വാര്‍ത്തകളായും നമുക്കു മുമ്പില്‍ തെളിയുമ്പോള്‍ അത് എന്നെ ബാധിക്കുന്ന വിഷയമല്ല എന്ന ചിന്തയോടെ കണ്ണടയ്ക്കാതിരുന്നാല്‍..
അന്യന്റെ വേദന സ്വന്തം വേദനയായി ഉള്ളിലേക്കാവാഹിക്കാന്‍ നമ്മള്‍ തയ്യാറാവുമ്പോള്‍..
അപ്പോള്‍ മാത്രമാണ് മനുഷ്യന്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നാം കൈവരിക്കുന്നത്.
ഓണം വന്നാലും ഉണ്ണി പിറന്നാലും കണ്ണീരിന്റെയും പട്ടിണിയുടെയും യാതനകളുടെയും വേവുനിലങ്ങളില്‍ അന്തിയുറങ്ങുന്ന ലോകത്തിലെ മഹാ ഭൂരിപക്ഷത്തിന്റെ ദയനീയമായ അവസ്ഥ നിത്യേനയോര്‍ക്കുകയും നമ്മെ ബാധിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എത്രയോ നിസ്സാരമെന്ന് സ്വയം തിരിച്ചറിയുകയും ചെയ്യുമ്പോള്‍ നാം ഭാഗ്യവാന്‍മാരുടെ കൂട്ടത്തിലാണെന്ന് ബോധ്യപ്പെടുകയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നമ്മുടെ കൈകള്‍ നീളുകയും ചെയ്യും.
ആപത്തില്ലാകാലം ഐതീഹ്യങ്ങളില്‍ ദര്‍ശിക്കാനുള്ളതല്ല, മണ്ണില്‍ അങ്ങനെ യൊരു ദിനം ഇനിയുമുണ്ടാവുമെന്ന് വെറുതെ നമുക്ക് സ്വപ്നം കാണാം.
അങ്ങനെയൊരു സ്വപ്നത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കാപട്യമില്ലായ്മയെ ങ്കിലും നമ്മിലുണ്ടാവണം. അങ്ങനെ നമ്മള്‍ക്ക് മണ്ണിന്റെ മണമുള്ള, സഹാനു ഭൂതിയുടെ തെളിച്ചമുള്ള സ്നേഹത്തിന്റെ നിലാവൊളി പരത്തുന്ന നന്‍മയുടെ പ്രതിരൂപങ്ങളായി ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയുന്നവരായി മാറാം.
‘ലോകാ സമസ്താ സുഖിനോ ഭവന്തു’
ഏവർക്കും ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷം നേരുന്നു.

***********************************************


ചിത്രം കടപ്പാട്: ഗൂഗിൾ