Saturday, August 3, 2013

ഓലവീട്



ഓല മേഞ്ഞ വീട്..
മഴ പെയ്യുമ്പോള്‍ കാറ്റ് വീശുമ്പോള്‍..
നെഞ്ചിടിപ്പില്ലാതെ
ഉറങ്ങാന്‍ കഴിയാറില്ല.

ഓല മേഞ്ഞ വീട്... ഓലവീട്..
വര്‍ഷത്തില്‍ മേയണം.. ചിതലിനെ ഭയക്കണം..
ചെറ്റ മാന്താന്‍ വരുന്ന തെമ്മാടികളെ തുരത്തണം..
ഉറക്കത്തില്‍ ഞെട്ടുന്നു..

തറയും മൂലയും കല്ലില്‍ പണിയാന്‍ മോഹം..
കല്ലിലുയര്‍ന്നപ്പോള്‍ മുകളില്‍ ഓട് പാകണം..
ഉറങ്ങാതെ മനക്കണക്കുകള്‍..

തേങ്ങ വീണ് ഓട് നുറുങ്ങുന്നു..
ഓടിളക്കിക്കേറുന്ന കള്ളനെ കാതോര്‍ക്കുന്നു..
പട്ടികയ്ക്കും കഴുക്കോലിനും  ഒടിവുകള്‍ വീഴുന്നു..
ഉറക്കം ഭയത്തിനു വഴിമാറുന്നു.

ടെറസിട്ട വീടാണ് താമസയോഗ്യം..
അതിനൊരു പത്രാസ് വേറെ..
എന്നാല്‍..!
എന്തൊരു വിങ്ങലാണ്..
അടഞ്ഞ മുറികള്‍ തുറക്കുമ്പോള്‍
ചുടുകാറ്റ് പെയ്യുന്നു..
പിന്നീട്..
മഴ പെയ്യുമ്പോള്‍
മേല്‍ക്കൂരയുടെ  മൂലകളില്‍ കിനിച്ചില്‍..
അടഞ്ഞ വാതിലിനുള്ളില്‍
മുഖമൊളിപ്പിച്ചിരിക്കുമ്പോള്‍
ഒന്നുമറിയുന്നില്ലൊന്നും..

മഴയുടെ സംഗീതം.. കാറ്റിന്റെ രാഗസുധ..
തണുപ്പിന്റെ രാരീരം..
ഒന്നുമറിയുന്നില്ലൊന്നും..!

ഇതൊന്നുമറിയാതെ
ഇതൊന്നുമില്ലാതെ 
രാവും പകലും ഉറങ്ങാന്‍ കഴിയാതെ..
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്...
വീടെന്ന് കേള്‍ക്കുമ്പോള്‍
പേടിയാണെനിക്കിന്ന്..?




ഗൾഫ് മാധ്യമം  ചെപ്പ്, 2013 ആഗസ്റ്റ്‌ 2 വെള്ളിയാഴ്ച.


1 comment:

  1. ഓല വീട്ടിലെ താമസത്തിലെ ഭയം വളരെ മനോഹരമായി പറഞ്ഞു
    ഒപ്പം കോണ്‍ഗ്രീട്ടു മുറിക്കുള്ളിലേ വീർപ്പു മുട്ടലും/ കൊള്ളാം
    ഇവിടെ ഇതാദ്യം. വീണ്ടും വരാം എഴുതുക അറിയിക്കുക
    PS.
    Here is no Followers button please provide one
    Thanks

    ReplyDelete