Tuesday, December 21, 2010

കോഴിക്കോട്



സാമൂതിരിയുടെ പ്രൌഢ ഭൂമിക..
ചരിത്രത്തിലെവിടെയൊക്കെയോ
ഇവിടുത്തെ ഇടുങ്ങിയ തെരുവീഥികളുണ്ട്.

പ്രണയവിഷാദങ്ങള്‍ സ്വരരാഗ ധാരയായ്
നെഞ്ചിലേറ്റുന്ന മാളികപ്പുറങ്ങള്‍,
മൈലാഞ്ചിക്കരങ്ങളുടെ
ഒപ്പനത്താളങ്ങളുയര്‍ന്ന കോയത്തറവാടുകള്‍..

പാളയം റോഡിലെ
സ്വര്‍ണ്ണത്തിളക്കമുള്ള വെയിലിനു
വല്ലാത്തൊരു ഗന്ധമാണ്.
താഴെ പാളയം
ചീഞ്ഞ മാങ്ങയും തക്കാളിയുമായ് നാറുമ്പോള് ‍
വലിയങ്ങാടി ചായപ്പൊടിയുടേയും
ബസുമതി അരിയുടേയും ഗന്ധമാണ്.

മിഠായ് തെരുവ്..
അലങ്കാരദീപങ്ങളില്‍ മുങ്ങിത്താണ്..,
ഉറക്കമിളച്ചിരുന്ന്.. അതിഥികളെ സ്വീകരിച്ച്..
പ്രതാപം മായാതെ കോഴിക്കോടിന്റെ പ്രൌഢിയെ പേറുന്നു.

ഹല്‍വ ബസാര്‍..
ഭൂമിയില്‍ മറ്റെവിടെയെങ്കിലും
ഹല്‍വയ്ക്ക് മാത്രമായൊരു ബസാറുണ്ടെന്ന്പറയുന്നവന്‍ മുഴുഭ്രാന്തന്‍.
ഗണ്ണി സ്ട്രീറ്റ്..
കീറച്ചാക്കു പോലെ ഇഴ പൊട്ടിയ ജന്‍മങ്ങളുടേതെന്നാരോ പാടുന്നു.
കൊപ്ര ബസാര്‍..
പേര് പോലെ തന്നെഉണങ്ങി ഈച്ചയാര്‍ത്ത്..

കല്ലായിപ്പുഴ..
അവളിന്ന് മണവാട്ടിയല്ല..
കൂനിക്കൂടിയൊഴുകുന്ന പടുവൃദ്ധ.
തളിക്കുളം..
വിനായക ക്ഷേത്രത്തിന്റെ നിഴല്‍ വീഴുന്ന
സുഖക്കാഴ്ച.
നഗരത്തിന്റെ മണവാട്ടികള്‍
‍കുളിച്ചീറന്‍ മാറുന്നത്
ഓളങ്ങളുടെ ദുര്യോഗമെന്നാരുമറിയുന്നില്ല.
ചതുരമെന്ന പച്ചത്തുരുത്തിനരികെ
തെളിനീരിളകുന്ന മാനാഞ്ചിറ..
വേനല്‍ കത്തുമ്പോള്‍ നഗരത്തിന്റെ കുടിനീരാണിത്.
മാവൂര്‍ റോഡ്..
ചെളിക്കുണ്ടായിരുന്നെന്ന് പഴമക്കാര്‍..
ആരവങ്ങളാല്‍ വീര്‍പ്പു മുട്ടുന്ന നഗരഹൃദയം.അഭിനവ സംസ്ക്കാരം..
നെടുവീര്‍പ്പുകലുതിര്‍ത്ത് സത്യത്തിന്റെ തുറമുഖം കടലെടുക്കുന്നതായ് വാര്‍ത്തയോതുമ്പോള്‍..

നന്‍മയുടെ നങ്കൂരത്തിന് തുരുമ്പെടുത്തതായ് പരിതപിക്കുമ്പോഴും

നന്മയുടെ നിഴലിനിയും ബാക്കിയിവിടെയുണ്ടെന്നറിയുക..!

Saturday, December 11, 2010

ഒറ്റപ്പെടുന്നവന്റെ ആത്മഗതങ്ങള്‍


പ്രവാസജീവിതം നമുക്ക് ഒത്തിരി യാതനകള്‍ തരുന്നു എന്നതിനേക്കാള്‍ ഏറെ സൌഭാഗ്യങ്ങളും വെച്ചു നീട്ടുന്നുണ്ട്. നാടിന്റെ പച്ചപ്പും സന്തോഷങ്ങളും നഷ്ടപ്പെടുന്നതിന്റെ ആകുലത ഒരു വശത്ത് നീറുമ്പോള്‍ നേട്ടങ്ങളുടെ കൈയൊപ്പുകളും ഈ വാഴ്വില്‍ പതിയുന്നുണ്ട്. ജീവിത നിലവാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാമെങ്കിലും ഗള്‍ഫ് ജീവിതം വിരസവും മാനസിക സംഘര്‍ഷങ്ങള്‍ നിറഞ്ഞതുമാണെന്ന് കുറിക്കപ്പെടുമ്പോള്‍ സാമാന്യ ഭൂരിപക്ഷത്തിന് മറിച്ചൊര ഭിപ്രായം ഉണ്ടാവാനിടയില്ല.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, നാട്ടിലെ സ്വന്തം കുടുംബപ്രശ്നങ്ങള്‍, വര്‍ഷങ്ങളായിട്ടും ജീവി ക്കുന്ന ദേശത്തിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാതിരിക്കുക, ഒപ്പം മനസ്സിന്റെ വിങ്ങലുകള്‍ പങ്കുവെയ്ക്കപ്പെടാന്‍ വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്ന സുഹൃത്തിനെ ലഭിക്കാതിരിക്കുക തുടങ്ങിയവയൊക്കെ വല്ലാത്തൊരു അലട്ടലായി നമ്മോടൊപ്പ മുണ്ടാകും.
സ്വന്തം പ്രയാസങ്ങള്‍ ഇറക്കി വെയ്ക്കാന്‍ ഒരത്താണിയില്ലാത്ത അവസ്ഥ തീര്‍ത്തും ഭീകരമാണ്. അതിനു തക്ക മനസ്സടുപ്പങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ നമ്മില്‍ പലരും പരാജിതരുമാണ്.
ഞാനെന്തിനാണ് എന്റെ പ്രയാസങ്ങളും വിഷമങ്ങളും അപരനെ അറിയിക്കുന്നത് എന്ന ചിന്ത യാണ് ആദ്യം സ്വയം വന്നു പൊതിയുക. ഇനി, ജീവിതത്തിലെ ഇഴയടുപ്പങ്ങളായി തോന്നുന്ന വരോട് മനസ്സു തുറന്ന് അല്‍പ്പം ആശ്വാസം കണ്ടെത്താമെന്ന് കരുതുന്ന നേരത്ത് ഉരല് ചെന്ന് ചെണ്ടയോട് സങ്കടമോതുന്ന അവസ്ഥാവിശേഷങ്ങളാവും മനസ്സിലോടിയെത്തുക.
സഹപ്രവര്‍ത്തകന്റെയോ, സഹമുറിയന്റെയോ വിഷമങ്ങളും ജീവിത പായ്യാരങ്ങളും തൊട്ടു മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ അതിന് കാതു കൊടുക്കാന്‍ നേരമില്ലാതെ നമുക്ക് ചുറ്റുമുള്ളവരി ല്‍ പലരും പരക്കം പായുകയാണ്. സ്വന്തം വേദനകള്‍ കേള്‍ക്കാന്‍, ആശ്വസിപ്പിക്കലിന്റെ തേന്‍ പുരട്ടാന്‍ ഒരു മനസ്സ് തന്നോടൊപ്പമില്ലാതെ പലരും വിഷാദരോഗികളും ഏകാകികളുമായി മാറു മ്പോള്‍ ദൈവഭൂമിയിലെ പ്രജളെന്ന് സ്വയമവരോതിതരായി, സ്നേഹത്തിന്റേയും അനുകമ്പയു ടെയും വക്താക്കളാണെന്ന് മുക്രയിട്ട് നമ്മളൊക്കെ മേനി നടിച്ചു നടക്കും.
ഈ മേനി നടിക്കലിനപ്പുറം നമുക്കിടയിലെ എത്ര പേരുണ്ട് അന്യന്റെ മാനസിക നൊമ്പരങ്ങള്‍ ക്ക് കണ്ണും കാതും കൊടുക്കുന്നവര്‍.
ഇതെഴുതുമ്പോള്‍ സുഹൃത്തു കൂടിയായ ഡോക്ടര്‍ പറഞ്ഞ കാര്യമാണ് മനസ്സിലേക്കോടിയെ ത്തുന്നത്.
തന്നെ തേടിയെത്തുന്ന രോഗികളുടെ (തൊണ്ണൂറു ശതമാനവും ഔഷധചികിത്സ ആവശ്യമില്ലാ ത്തവരാണെന്ന് ഡോക്ടറുടെ സാക്ഷ്യമൊഴി) യഥാര്‍ത്ഥ പ്രശ്നമെന്തെന്ന് ചെവി കൊടുക്കാന്‍ ഗള്‍ഫ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന എത്ര ശതമാനം ഡോക്ടര്‍മാര്‍ തയ്യാറാണെന്നുള്ളത് ഒരന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നുള്ള വസ്തുത അംഗീകരിക്കാന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്‍പ്പം മാനസിക വിഷമമുണ്ടാകുമെന്നത് അനിഷേധ്യമായ സത്യം.
രോഗവിവരണങ്ങളോടൊപ്പം അയാളുടെ ചുറ്റുപാടുകളെക്കുറിച്ചും ജീവിതപ്രാരാബ്ധങ്ങളെ പ്പറ്റിയും മനസ്സടുപ്പത്തോടെ ആരായുമ്പോള്‍ വ്യക്തമാകും വരുന്നയാളുടെ ദേഹാസ്വസ്ഥ്യത്തി ന്റേയും മാനസികവ്യഥകളെയും പറ്റി. അതറിയാനും കേള്‍ക്കാനുമുള്ള പലരുടെയും സമയ ക്കുറവും വൈമനസ്യവും കാണിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രശ്നമറിയാതെ ചികിത്സ നിര്‍ണ്ണയ വും മറ്റും നടക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ ഏറി വരുന്ന വിഷാദരോഗവും കൂടാതെ ആത്മഹത്യാ പ്രവണതയും ഒക്കെ ഉള്ളവരായ ഒരു മഹാഭൂരിപക്ഷമായി പ്രവാസി മലയാളിസമൂഹം മാറുന്നതിന്റെ പൊരുളിലേക്ക് മുഖ്യധാരാ സമൂഹം കണ്ണയക്കാത്തതെന്താണെന്ന് ഏറെ ചിന്തിച്ച് തല പുണ്ണാക്കേണ്ട കാര്യമൊ ന്നുമില്ലെന്നാണ് പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി കച്ച കെട്ടിയിറങ്ങിയവര്‍ പോലും ഇതിന്റെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ നാം മനസ്സിലാക്കേ ണ്ടത്.
സമകാലീന സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സാഹിത്യ ചലനങ്ങളെക്കുറിച്ചും മറ്റു സമസ്ത മേഖലകളിലെയും അതാതു കാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മറ്റും ചര്‍ച്ച യും സംവാദങ്ങളും സംഘടിപ്പിക്കുന്ന നമ്മളൊക്കെ സാധാരണക്കാരായ പ്രവാസികളുടെ ഇത്ത രം ദുരിതങ്ങളെക്കുറിച്ച് മനഃസംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ എത്രമാത്രം ബോധവാന്‍മാരാണ്?
കടങ്ങളും കടമകളും തീര്‍ക്കാന്‍ കടല്‍ കടന്നെത്തിയവന്‍ താങ്ങാവുന്നതിലപ്പുറം ബാധ്യതക ളും മാറാരോഗങ്ങളുമായി മരുഭൂമിയുടെ വിജനതയില്‍, ലേബര്‍ക്യാമ്പിന്റെ ഇരുള്‍കോണുക ളില്‍ ഭീമാകാരമായി വളരുന്ന ഗള്‍ഫ് നഗരത്തിലെ ആള്‍ക്കൂട്ടത്തിന്‍ അര്‍ത്ഥമില്ലായ്മകളില്‍ സ്വത്വം നഷ്ടപ്പെടുന്നതിലെ ആധികളുമായി ലക്ഷ്യം നഷ്ടപ്പെട്ട് ഒഴുകുമ്പോള്‍ സാന്ത്വനത്തിന്റെ കുഞ്ഞു ചങ്ങാടമായി ഒപ്പമൊഴുകാന്‍ നമ്മളൊക്കെ ഒരിത്തിരി സമയം കണ്ടെത്തിയാല്‍ ഈ ഭൂമികയിലെ ചിലര്‍ക്കെങ്കിലും ആശ്വാസം ലഭിക്കുമെന്നതില്‍ ആശങ്ക വേണ്ട.


വാല്‍ക്കഷ്ണം:

'ഏതു യാതനയും നമുക്ക് സഹിക്കാം.
പങ്കു വെയ്ക്കാന്‍ ഒരാള്‍ നമുക്കൊപ്പമുണ്ടെങ്കില്‍.
ഒറ്റയ്ക്കാവുക എന്നത് എത്ര ദുഷ്ക്കരമാണെന്നോ.
വാക്കുകള്‍ നമ്മുടെയുള്ളില്‍ കിടന്നു പരല്‍മീനുകളെപ്പോലെ പിടയ്ക്കും.
പങ്കു വെയ്ക്കപ്പെടാനാവാത്ത വികാരങ്ങള്‍ വിങ്ങുകയും പതയുകയും വായില്‍ നിന്നു നുരയുക യും ചെയ്യും.
സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഒരു കാതുണ്ടാവണം.
നമുക്കു നേരെ നോക്കാന്‍ രണ്ടു കണ്ണുകളുണ്ടാവണം.
നമുക്കൊപ്പമൊഴുകാന്‍ ഒരു കവിള്‍ത്തടമുണ്ടാകണം.
ഇല്ലെങ്കില്‍ പിന്നതു ഭ്രാന്തില്‍ ചെന്നാവും അവസാനിക്കുക. അല്ലെങ്കില്‍ ആത്മഹത്യയില്‍.
ഏകാന്ത തടവിനൊക്കെ വിധിക്കപ്പെടുന്നവര്‍ ഭ്രാന്തരായിപ്പോകുന്നതിന്റെ കാരണം അതാവാം.'

('ആടുജീവിതം' എന്ന നോവലില്‍ നിന്ന്)